ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം നിർദേശിക്കുന്ന അഭിഭാഷകനെത്തന്നെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച മന്ത്രി, അവൾ തനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും പറഞ്ഞു. സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഉറപ്പുകളിൽ പൂർണ വിശ്വാസമുണ്ടെന്ന് ഭദ്രകീർത്തിയും പ്രതികരിച്ചു.
കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അപ്പീലിൽ സംഭവിച്ച പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്നും നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നിലവിലെ ട്രാഫിക് നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ നിയമപരിഷ്കരണങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
