ഇന്ത്യൻ യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും അഭിഷേക് ശർമയെയും പ്രശംസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ സനത് ജയസൂര്യ. 15-കാരനായ വൈഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുംബൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
വൈഭവിന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും എന്നാൽ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഇതിനകം ശ്രദ്ധേയമാണെന്നും ജയസൂര്യ പറഞ്ഞു. യുവതാരത്തിന് സ്വാഭാവികമായ കളി പുറത്തെടുക്കാൻ അവസരം നൽകണമെന്നും അനാവശ്യ പ്രതീക്ഷകളും സമ്മർദവും അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം ടീം മാനേജ്മെന്റിനോട് നിർദേശിച്ചു.
അഭിഷേക് ശർമയെയും ജയസൂര്യ പ്രശംസിച്ചു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകൾ കളിക്കാൻ കഴിവുള്ള മികച്ച ഓൾറൗണ്ട് ബാറ്ററാണ് അഭിഷേകെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്കയുടെ പ്രകടനത്തിലും ജയസൂര്യ സംതൃപ്തി പ്രകടിപ്പിച്ചു. ഡിസംബറിലെ ഇന്ത്യാ പര്യടനത്തിന് മുന്നോടിയായി ടീമിന് ഈ പ്രകടനം ആത്മവിശ്വാസം നൽകുമെന്നും വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നത് ബൗളർമാർക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.
