മഹാരാജാസ് കോളേജിലെ സംഭവവികാസങ്ങളിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ. ഇത്തരം സംഭവങ്ങൾ തിരുത്തുന്നതിന് പകരം സിപിഐഎം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മന്ത്രി റോജി എം. ജോൺ പക്വതയോടെയാണ് ഇടപെട്ടതെന്നും പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്നും ഷാഫി പറഞ്ഞു. റോജിയുടെ കൈയിൽ മറുപടിയുണ്ടായിരുന്നെങ്കിലും എസ്എഫ്ഐയുടെ കൈയിൽ ചോദിക്കാനുള്ള ചോദ്യങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പിഎസ്സി ചെയർമാൻ പാർട്ടി ചെയർമാനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും അംഗങ്ങൾ പുറത്തുവിട്ട വിവരങ്ങൾ തന്നെ ഇതിന് തെളിവാണെന്നും ഷാഫി ആരോപിച്ചു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണം. തലപ്പത്തിരുന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചയാൾക്കെതിരെയും ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളിൽ എസ്എഫ്ഐക്കെതിരെ മന്ത്രി റോജി എം. ജോണും രംഗത്തെത്തി. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സന്തോഷനിമിഷം രാഷ്ട്രീയ ലക്ഷ്യത്തോടെ അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധിക്കാനും ബാനർ ഉയർത്താനുമുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെയാണ് കണ്ടതെന്നും ചോദ്യങ്ങളോടോ സമരങ്ങളോടോ തനിക്ക് ഭയമോ അസഹിഷ്ണുതയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിദ്യാർഥികളുടെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള ശ്രമത്തിന് വഴങ്ങില്ലെന്നും റോജി എം. ജോൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
