ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലുള്ള ശക്തമായ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായും ശക്തിപ്രാപിച്ചേക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും നിലനിൽക്കുന്നതിനാൽ തീരദേശ, മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
