മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ഒക്ടോബർ 30 വെള്ളിയാഴ്ച നടന്ന മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും സാമൂഹിക മേഖലകളിലെയും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഓറിയന്റ് ചൗമുഹാനിയിൽനിന്ന് ആരംഭിച്ച മാർച്ച് വിവിധ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിലെത്തി. ഗ്യാനേഷ് കുമാറിന്റെ രാജി അല്ലെങ്കിൽ പുറത്താക്കൽ, എസ്ഐആർ പിൻവലിക്കൽ, മരിച്ചവരുടേത് ഒഴികെ വോട്ടർപട്ടികയിൽനിന്ന് നീക്കിയ അർഹരായ എല്ലാവരുടെയും പേരുകൾ പുനഃസ്ഥാപിക്കൽ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തുടങ്ങിയവർ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. എസ്ഐആർ നടപടിയിലൂടെ രാജ്യത്താകെ ഏകദേശം 13.40 കോടി പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കിയതായി മണിക് സർക്കാർ ആരോപിച്ചു. മുസ്ലിംകൾ, പട്ടികജാതി വിഭാഗങ്ങൾ, തൊഴിലാളികൾ എന്നിവരുടെ പേരുകൾ തിരഞ്ഞെടുത്ത് ഒഴിവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളിൽ ഭരണകക്ഷി ഇടപെടുന്നുവെന്ന് കോൺഗ്രസ് നേതാവ് സുധീപ് റോയ് ബർമനും ആരോപിച്ചു. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിപിഐ(എംഎൽ) ലിബറേഷൻ തുടങ്ങിയ പാർട്ടികളുടെ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഭരണഘടനയും ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കാൻ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
