സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ ചരിത്രനേട്ടവുമായി മുന്നേറുന്നു. റിലീസ് ചെയ്ത് വെറും 18 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 800 കോടി രൂപ കളക്ഷൻ പിന്നിട്ട ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് സിനിമ സ്വന്തമാക്കിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ഒക്ടോബർ 15നാണ് തിയേറ്ററുകളിലെത്തിയത്.
ട്രേഡ് ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 18-ാം ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 807–808 കോടി രൂപയിലെത്തി. ഇന്ത്യയിൽ നിന്ന് ഏകദേശം 534 കോടി രൂപ ഗ്രോസ് നേടിയപ്പോൾ വിദേശ വിപണിയിൽനിന്ന് 273–274 കോടി രൂപയും സമാഹരിച്ചു. റിലീസിന് ശേഷമുള്ള 18-ാം ദിവസമായ ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 11.2 കോടി രൂപ നെറ്റ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
ഈ നേട്ടത്തോടെ രജനീകാന്തിന്റെ തന്നെ ‘2.0’ ഉൾപ്പെടെയുള്ള മുൻകാല തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ ‘ജയിലർ 2’ മറികടന്നതായാണ് റിപ്പോർട്ടുകൾ. ‘പികെ’, ‘ഛാവ’ തുടങ്ങിയ ചിത്രങ്ങളുടെ ആകെ കളക്ഷനെയും പിന്നിലാക്കി 2026ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും സിനിമ ഇടംപിടിച്ചു.
അതേസമയം, ഈ ആഴ്ച അവസാനം ‘രാമായണം’ പോലുള്ള വമ്പൻ ചിത്രം തിയേറ്ററുകളിലെത്തുന്നതോടെ ‘ജയിലർ 2’ന്റെ ബോക്സ് ഓഫീസ് കുതിപ്പിന് വേഗം കുറയുമോയെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
