ശ്രീകാര്യത്ത് 17കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. അഭിറാമിനെ കൊല്ലാനായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നും മുൻ കാമുകിയുടെ ഇപ്പോഴത്തെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പിടിയിലായ 17കാരൻ പൊലീസിന് മൊഴി നൽകിയത്. ഇയാളെ വിളിച്ചുവരുത്താൻ അഭിറാമിനെ ഉപയോഗിച്ചെന്നും ഇതിനെ എതിർത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.
സംഭവത്തിൽ പ്രതിയുടെ പെൺസുഹൃത്തായ മണക്കാട് സ്വദേശി 18കാരി അനന്തയെയും പൊലീസ് പ്രതി ചേർത്തു. ഐടിഐ വിദ്യാർഥിനിയായ അനന്തയാണ് കേസിലെ മൂന്നാം പ്രതി. അഭിറാമിന്റെ സുഹൃത്തായ 17കാരനും കൊലപാതകത്തിന് സഹായം നൽകിയ റൗഡി ലിസ്റ്റിൽപ്പെട്ട ശ്രീകാര്യം സ്വദേശി ഉമറും നേരത്തെ അറസ്റ്റിലായിരുന്നു. മൂന്ന് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിറാമിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് 17കാരന്റെ മൊഴി. കൊലപാതകത്തിന് ശേഷം മൃതദേഹം മറവുചെയ്യാൻ ഉമറിനെ വിളിച്ചുവരുത്തിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളയുകയും മൊബൈൽ ഫോൺ തോട്ടിലെറിയുകയും ചെയ്തതായും ഇയാൾ വെളിപ്പെടുത്തി.
പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വരുത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകത്തിൽ ഉമറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
തിരുവനന്തപുരം കാര്യവട്ടത്തുനിന്ന് ഞായറാഴ്ച കാണാതായ അഭിറാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
