എസ്.ഐ.ആറിന് നിയമപരമോ ഭരണഘടനാപരമോ ആയ അടിസ്ഥാനമില്ല; നടപടി രക്തച്ചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ: പരകാല പ്രഭാകർ

വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്രപരിഷ്കരണ (എസ്.ഐ.ആർ) നടപടിക്ക് നിയമപരമോ ഭരണഘടനാപരമോ ആയ അടിസ്ഥാനമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. ഭരണഘടനയിലോ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവിലുള്ള ചട്ടങ്ങളിലോ ഇത്തരം നടപടിയെക്കുറിച്ച് പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സിയാസത്തിന്’ നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം.

വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടാണെന്നും വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പ്രഭാകർ ആരോപിച്ചു. ഈ നടപടിയെ ‘രക്തച്ചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ’യെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജുഡീഷ്യറിയിലുള്ള വിശ്വാസവും നഷ്ടപ്പെട്ടതായി പറഞ്ഞ പ്രഭാകർ, സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികൾ തെരഞ്ഞെടുപ്പ് കമ്മീഷനൊപ്പം നിൽക്കുകയാണെന്നും വിമർശിച്ചു. രാജ്യത്തെ സംരക്ഷിക്കാൻ ഇനി സമാധാനപരമായ ഗാന്ധിയൻ രീതിയിലുള്ള ജനകീയ പ്രക്ഷോഭം മാത്രമാണ് വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഭരണകൂടം ബലാത്സംഗക്കേസുകളിലെ പ്രതികളെയും തീവെപ്പ് ഉൾപ്പെടെയുള്ള അക്രമങ്ങളിൽ പങ്കെടുത്തവരെയും ആദരിക്കുന്ന നിലയിലാണെന്നും പ്രഭാകർ ആരോപിച്ചു. അതിനാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ എളുപ്പമാകില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക