പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്; പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളി തള്ളി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക് രാഹുൽ ഗാന്ധിക്ക് ഇപ്പോഴും അന്യമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പരിഹസിച്ചു. കൈയിൽ ഭരണഘടനയുമായി നടന്ന് രാജ്യത്ത് കലാപം സൃഷ്ടിക്കുന്ന അരാജകവാദിയാണ് രാഹുലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, തന്റെ വാദങ്ങൾ തെളിയിക്കാൻ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്.

വെല്ലുവിളികൾ ഉയർത്തുന്നതിന് പകരം രാഹുൽ ഗാന്ധി പാർലമെന്റിലെത്തി എസ്.ഐ.ആർ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം) സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് സർക്കാർ പൂർണ സന്നദ്ധത അറിയിച്ചിട്ടും കോൺഗ്രസ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെയും പ്രതിഷേധങ്ങളെയും വിമർശിച്ച് ബിജെപി എംപി ഗൗരവ് ഭാട്ടിയയും രംഗത്തെത്തി. അരാജകത്വ രാഷ്ട്രീയം തുടർന്നാൽ ജനങ്ങൾ മറ്റൊരു ബദൽ പ്രതിപക്ഷത്തെ തേടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുലിന്റെ സംവാദ വെല്ലുവിളിക്ക് ബിജെപി നേതാക്കൾ നൽകിയ മറുപടിയോടെ കോൺഗ്രസ്–ബിജെപി പോര് വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക