കാഴ്ചക്കാരുടെ മാനസികാവസ്ഥയ്ക്കും താൽപര്യങ്ങൾക്കും അനുസരിച്ച് സിനിമകളും വെബ് സീരീസുകളും കണ്ടെത്താൻ സഹായിക്കുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്. ‘എഐ ഡിസ്കവർ’ (AI Discover) എന്ന പേരിലുള്ള പുതിയ ടാബിലൂടെ ഉപയോക്താക്കൾക്ക് അന്നത്തെ മൂഡിനും ലഭ്യമായ സമയത്തിനും അനുസരിച്ചുള്ള വിനോദപരിപാടികൾ തിരഞ്ഞെടുക്കാം. മണിക്കൂറുകളോളം സ്ക്രോൾ ചെയ്ത് ഇഷ്ടപ്പെട്ട ഉള്ളടക്കം കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കി കൂടുതൽ വ്യക്തിഗതമായ തിരച്ചിൽ അനുഭവം നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം.
മൂഡിനനുസരിച്ച് നിർദേശങ്ങൾ
ഉപയോക്താക്കളുടെ മാനസികാവസ്ഥ, കാണാൻ ലഭ്യമായ സമയം, താൽപര്യങ്ങൾ, ട്രെൻഡിങ് വിഷയങ്ങൾ എന്നിവ പരിഗണിച്ചാണ് ഫീച്ചർ സിനിമകളുടെയും ഷോകളുടെയും നിർദേശങ്ങൾ നൽകുന്നത്. ‘സംതിങ് ലൈറ്റ്’ (Something Light), ‘സ്കെയർ മീ’ (Scare Me), ‘ഫാമിലി മൂവി നൈറ്റ്’ (Family Movie Night), ‘ക്വിക്ക് വാച്ചസ്’ (Quick Watches) തുടങ്ങിയ തീമുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളോട് തത്സമയം പ്രതികരിക്കുന്ന എഐ സംവിധാനമാണ് ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓരോരുത്തരുടെയും താൽപര്യങ്ങൾ പഠിച്ച് കൂടുതൽ കൃത്യമായ നിർദേശങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. പുതിയ തരത്തിലുള്ള ഉള്ളടക്കം കണ്ടെത്താൻ ‘സംതിങ് ഡിഫറന്റ്’ (Something Different) എന്ന ഓപ്ഷനും ലഭ്യമാണ്.
നിർദേശങ്ങൾ നിയന്ത്രിക്കാനും സൗകര്യം
ഇഷ്ടപ്പെട്ട നിർദേശങ്ങൾ സൂക്ഷിക്കാനും താൽപര്യമില്ലാത്ത സിനിമകളും ഷോകളും ഒഴിവാക്കാനും ‘ട്യൂൺ യുവർ റെക്കമൻഡേഷൻസ്’ (Tune Your Recommendations) എന്ന പ്രത്യേക ബട്ടണും ഒരുക്കിയിട്ടുണ്ട്. ‘പ്ലേ’, ‘മൈ ലിസ്റ്റ്’ ബട്ടണുകൾക്ക് സമീപമാണ് ഈ സൗകര്യം നൽകിയിരിക്കുന്നത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നെറ്റ്ഫ്ലിക്സ് എഐ ഡിസ്കവർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസ്കവറി ഫീച്ചറുകൾ പരീക്ഷിക്കുന്നതിനുള്ള ‘ടെസ്റ്റ് കിച്ചൻ’ എന്ന നിലയിലാണ് കമ്പനി ഈ ടാബിനെ വിശേഷിപ്പിക്കുന്നത്. ഉപയോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം മികച്ച ഫീച്ചറുകൾ പ്രധാന നെറ്റ്ഫ്ലിക്സ് ആപ്പിന്റെ ഭാഗമാക്കാനാണ് നീക്കം.
നിലവിൽ അമേരിക്കയിൽ പിന്തുണയ്ക്കുന്ന ടിവികളിൽ ഇംഗ്ലീഷ് ഭാഷയിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
