അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലാ നേതാക്കൾ വിഷയത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. ശ്രീനദേവി കുഞ്ഞമ്മയും യൂട്യൂബർ രാജൻ ജോസഫും തമ്മിലുള്ള തർക്കത്തിൽ പാർട്ടി നേരിട്ട് ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
നിരന്തരം വിവാദങ്ങളിൽപ്പെടുന്ന ശ്രീനദേവി കുഞ്ഞമ്മയെ തൽക്കാലം പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരം പ്രതികരിക്കേണ്ട ഉത്തരവാദിത്വം ശ്രീനദേവിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു നടത്തിയ പരാമർശത്തിന് ശ്രീനദേവി മറുപടി നൽകിയത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട തർക്കം ശ്രീനദേവി കുഞ്ഞമ്മയും യൂട്യൂബർ രാജൻ ജോസഫും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ സംയമനം പാലിക്കാനാണ് നേതാക്കളുടെ തീരുമാനം. അടൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള നിലപാടിലാണ്. അതിനാൽ അതൃപ്തിയുണ്ടെങ്കിലും പരസ്യപ്രതികരണത്തിലൂടെ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, ജില്ലാ നേതൃത്വത്തിന് തന്നോട് അതൃപ്തിയുള്ളതായി അറിയില്ലെന്നാണ് ശ്രീനദേവി കുഞ്ഞമ്മയുടെ പ്രതികരണം. പ്രാദേശികമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ ശ്രീനദേവി അനാവശ്യമായി വലുതാക്കുകയാണെന്ന് ചില നേതാക്കൾ രമേശ് ചെന്നിത്തലയെ ധരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
