തൊഴിൽ, വേതനം, ക്ഷേമം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങി. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ മൂന്നിന് ധുരിയിലെ ധാന്യച്ചന്തയിലാണ് വൻ തൊഴിലാളി സംഗമം നടന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ‘മോദിയെയും മന്നിനെയും പുറത്താക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.
പ്രതിഷേധത്തിനുശേഷം തൊഴിലാളികൾ ധുരി നഗരത്തിലൂടെ പ്രകടനം നടത്തി മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്യുകയും ഉപരോധിക്കുകയും ചെയ്തു. തുടർന്ന് സിഐടിയു നേതാക്കളുമായി ധുരി തഹസിൽദാറും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി)യും ചർച്ച നടത്തി. നവംബർ 19ന് സർക്കാർ സമിതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, നിർമാണത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുത്തു. എഎപി സർക്കാർ അധികാരത്തിലെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ചന്ദർ ശേഖറും ജനറൽ സെക്രട്ടറി മഹാൻ സിങ് റൗരിയും ആരോപിച്ചു. മിനിമം വേതനം വർധിപ്പിക്കുക, പദ്ധതി തൊഴിലാളികളുടെ ഓണറേറിയം ഇരട്ടിയാക്കുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുക, സ്ഥിരനിയമനം ഉറപ്പാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കിയില്ലെന്നാണ് വിമർശനം.
ഏകദേശം അഞ്ചുവർഷത്തെ ഭരണത്തിനിടെ തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനുപകരം അവകാശങ്ങൾക്കായി പോരാടുന്നവർക്കെതിരെ അടിച്ചമർത്തൽ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിച്ചു. സർക്കാർ ശേഷിക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും തൊഴിൽ മന്ത്രിയുടെയും മണ്ഡലങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രചാരണ ജാഥകൾ സംഘടിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുച സിങ് അജ്നാലയും അഡ്വ. കുൽവീന്ദർ സിങ് ഉദ്ദത്തും മുന്നറിയിപ്പ് നൽകി.
എംജിഎൻആർഇജിഎ പദ്ധതി ഫലപ്രദമായി പുനഃസ്ഥാപിക്കുക, പ്രതിമാസ മിനിമം വേതനം 42,000 രൂപയായി ഉയർത്തുക, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള പദ്ധതി തൊഴിലാളികളെ മിനിമം വേതനത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അധികാരത്തിലെത്തിയാൽ പദ്ധതി തൊഴിലാളികളുടെ ഓണറേറിയം വർധിപ്പിക്കുമെന്ന വാഗ്ദാനം മന്നിന്റെ സർക്കാർ നടപ്പാക്കിയില്ലെന്നും എംജിഎൻആർഇജിഎ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അമർനാഥ് കൂം കലനും അങ്കണവാടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹർജിത് കൗർ പഞ്ചോളയും ആരോപിച്ചു. എംജിഎൻആർഇജിഎ പദ്ധതി ഫലത്തിൽ തകർത്തുവെന്നും അവർ കുറ്റപ്പെടുത്തി.
നിർമാണത്തൊഴിലാളികൾക്ക് ക്ഷേമബോർഡ് വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, ഓഫ്ലൈൻ രജിസ്ട്രേഷൻ പുനരാരംഭിക്കുക, നാല് തൊഴിൽ കോഡുകളും പിൻവലിക്കുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. നിർമാണത്തൊഴിലാളി ക്ഷേമബോർഡിന്റെ ഫണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാർധക്യകാല പെൻഷൻ പ്രതിമാസം 21,000 രൂപയായി ഉയർത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ മണ്ഡലങ്ങളിലും എഎപി സ്ഥാനാർഥികൾക്കെതിരെ പ്രചാരണം നടത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ മാൻസയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്ഐആർ) പ്രമേയം പാസാക്കിയും പ്രതിഷേധ സംഗമം സമാപിച്ചു. എസ്ഐആറിന്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനെതിരെയും നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
