ഫ്രാൻസിലെ രക്തബാങ്കുകൾക്ക് നേരെ സൈബർ ആക്രമണം; പ്ലാസ്മ ശേഖരങ്ങളുടെ താപനില ഉയർത്താൻ ഹാക്കർമാരുടെ ശ്രമം

ഫ്രാൻസിലെ ദേശീയ രക്തബാങ്ക് ശൃംഖലകൾക്ക് നേരെ വ്യാപക സൈബർ ആക്രമണം. 1,900ലധികം ആശുപത്രികളിലേക്ക് രക്തവും രക്തോൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ശൃംഖലയിലെ ശീതീകരണ സംവിധാനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. രക്ത പ്ലാസ്മ ശേഖരങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറുകളുടെ താപനില നിയന്ത്രണത്തിൽ ഇടപെട്ട് അവ നശിപ്പിക്കാനായിരുന്നു ശ്രമം.

സാധാരണയായി മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട പ്ലാസ്മയുടെ താപനില 110 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്താനാണ് ഹാക്കർമാർ ശ്രമിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നാലെ ഓട്ടോമാറ്റിക് അലാറം സംവിധാനങ്ങൾ പ്രവർത്തിച്ചതോടെ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടു. രക്തശേഖരങ്ങൾ സുരക്ഷിതമായി മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാൽ രക്തോൽപ്പന്നങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രക്തബാങ്കുകളുടെ പ്രധാന കമ്പ്യൂട്ടർ സംവിധാനങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് പകരം, ശീതീകരണ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന കരാർ കമ്പനിയുടെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ മുതലെടുത്താണ് ഹാക്കർമാർ കടന്നുകയറിയതെന്നാണ് പ്രാഥമിക വിവരം. ഫ്രാൻസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമായി നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച സംഭവങ്ങൾക്ക് പിന്നാലെയാണ് രക്തബാങ്കുകൾക്ക് നേരെയും ആക്രമണമുണ്ടായത്.

സംഭവത്തിൽ ഫ്രാൻസിന്റെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയും ആരോഗ്യ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക