ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കാൻ നീക്കം; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വോട്ടർ ഐഡി കാർഡ് നിർബന്ധമാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടിക്കൊപ്പം ഇത്തരമൊരു നീക്കം നടപ്പാക്കുന്നത് ലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങൾ നിഷേധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വോട്ട് മോഷണം മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ ആരോപിച്ചു.

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡിന് പകരം വോട്ടർ ഐഡി തിരിച്ചറിയൽ രേഖയാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. എക്സിൽ പങ്കുവച്ച കുറിപ്പിൽ, എസ്ഐആറിന്റെ മറവിൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തെന്നും നടപടി തടഞ്ഞില്ലെങ്കിൽ കൂടുതൽ പേരുകൾ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് വിയോജിക്കുന്നവരുടെ പേരുകളാണ് കൂടുതലായി വെട്ടിനീക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

വോട്ട് മോഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുമായി ഒത്തുകളിച്ചെന്നും വോട്ടർപട്ടിക ഇപ്പോഴും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെയും അദ്ദേഹം ചോദ്യം ചെയ്തു.

വോട്ടർപട്ടിക ഒരാളുടെ വോട്ടവകാശം മാത്രമല്ല, സർക്കാർ ക്ഷേമപദ്ധതികളിൽനിന്ന് ആനുകൂല്യം ലഭിക്കാനുള്ള യോഗ്യതയും നിർണയിക്കുന്ന രേഖയായി മാറുകയാണെന്ന് രാഹുൽ പറഞ്ഞു. ബിജെപി ലക്ഷ്യമിടുന്നവരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്യുകയാണെന്നും പേര് വെട്ടിയാൽ വോട്ടവകാശം നഷ്ടപ്പെടുന്നതിനൊപ്പം മറ്റ് അവകാശങ്ങളും നഷ്ടപ്പെടാൻ ഇടയാകുമെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക