ജുവനൈൽ നിയമം ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ; ഭേദഗതി പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ജുവനൈൽ നിയമം സൗകര്യപൂർവം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രായപൂർത്തിയാകാത്തവർ അക്രമങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന അഭിപ്രായം സമൂഹത്തിൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2000ൽ പാസാക്കിയ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പിന്നീട് നിരവധി ഭേദഗതികൾ വന്നിട്ടുണ്ട്. 2016ലെ ഭേദഗതിക്കുശേഷമുള്ള ചട്ടങ്ങൾ പ്രകാരം ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാം. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അഞ്ചുവർഷമാണ് ശിക്ഷ. ഏഴുവർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളിലാണ് ജാമ്യമില്ലാ നടപടികൾക്ക് വ്യവസ്ഥയുള്ളതെന്നും ചെന്നിത്തല വിശദീകരിച്ചു.

ചേരാനെല്ലൂരിലെ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കൊലപാതകവും ഞെട്ടിക്കുന്നതാണ്. ജുവനൈൽ പ്രായമായതിനാൽ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാകുമെന്ന ധാരണ ചില പ്രതികൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുവനൈൽ നിയമം കേന്ദ്രനിയമമായതിനാൽ സംസ്ഥാന സർക്കാരിന് നേരിട്ട് ഭേദഗതി വരുത്തുന്നതിൽ പരിമിതികളുണ്ടെന്നും കുറ്റവാളികൾ ആരായാലും രക്ഷപ്പെടാൻ പാടില്ലെന്നതാണ് തന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി

കാക്കനാട് സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി നടത്തിയ വിമർശനങ്ങൾ ശരിയാണെന്നും റോഡുകളിൽ കാൽനടയാത്രക്കാർക്ക് മതിയായ സുരക്ഷയില്ലാത്ത സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇവർ സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനൊപ്പം മറ്റുള്ളവരുടെയും ജീവനെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡ്രങ്ക് ആൻഡ് ഡ്രൈവ് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും ഇത്തരം കേസുകളിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ഗതാഗത വകുപ്പുമായി ചർച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലുദിവസത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് 15,000 പേരെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.

വിദേശരാജ്യങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെന്നും കേരളത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു ഫാഷനായി മാറുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക