കൊച്ചി മേയർ സ്ഥാനം ലഭിക്കാതിരുന്നതിന് പിന്നിൽ എറണാകുളത്തെ രണ്ട് യുവനേതാക്കളാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവും കൗൺസിലറുമായ അഡ്വ. ദീപ്തി മേരി വർഗീസ്. കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ സമ്മർദം ചെലുത്തിയാണ് തനിക്ക് അർഹതപ്പെട്ട സ്ഥാനം മറ്റൊരാൾക്ക് നൽകിയതെന്ന് അവർ ആരോപിച്ചു. മലയാളത്തിലെ ഒരുപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന തന്നെ ‘യൂ ഷുഡ് ലീഡ്’ എന്ന് പറഞ്ഞ് മത്സരരംഗത്തിറക്കാൻ പ്രേരിപ്പിച്ചതും പിന്തുണച്ചതും വി.ഡി. സതീശനായിരുന്നു. എൽഡിഎഫിൽ നിന്ന് കൊച്ചി കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ താൻ മുന്നിലുണ്ടാകണമെന്നാണ് സതീശൻ ആവശ്യപ്പെട്ടതെന്നും ദീപ്തി പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ തന്നേക്കാൾ ജൂനിയറായ രണ്ട് നേതാക്കളുടെ സമ്മർദത്തിന് സതീശൻ വഴങ്ങിയെന്നാണ് ദീപ്തിയുടെ ആരോപണം. കെപിസിസി പോലും മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ ആ നിർദേശവും അട്ടിമറിക്കപ്പെട്ടുവെന്ന് അവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലും ഇതേ നേതാക്കൾ തന്നെയാണെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.
