ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; വികസിത ഇന്ത്യയുടെ നിർമാണത്തിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം

ദീപാവലി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യൻ മൂല്യങ്ങൾ മുറുകെപ്പിടിച്ച് വികസിത ഇന്ത്യയുടെ നിർമാണത്തിൽ സജീവമായി പങ്കാളികളാകാൻ യുവാക്കളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും സമൂഹത്തിൽ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തണമെന്നും അവർ നിർദേശിച്ചു.

ദീപാവലിക്ക് വലിയ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. രാവണനെ പരാജയപ്പെടുത്തി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ജനങ്ങൾ വിളക്കുകൾ തെളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ആഘോഷത്തിന് പിന്നിലെന്നും രാമരാജ്യത്തിന്റെ തുടക്കത്തെയാണ് ഇത് പ്രതീകപ്പെടുത്തുന്നതെന്നും അവർ അനുസ്മരിച്ചു. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെയും കഷ്ടപ്പാടുകളിൽനിന്നുള്ള മോചനത്തിന്റെയും പ്രതീകമാണ് ദീപാവലി. എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നതായും രാഷ്ട്രപതി വ്യക്തമാക്കി.

ഇരുട്ടിനുമേൽ വെളിച്ചം നേടിയ വിജയത്തിന്റെയും ഇരുട്ടിനെ അകറ്റാനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇത്തവണ അതിർത്തികളിൽ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ച് മോദി ആശംസകൾ നേർന്നിരുന്നു.

അതേസമയം, ദീപോത്സവം 2026ൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ശനിയാഴ്ച അയോധ്യയിലെത്തി. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നതിനും ശ്രീരാമന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നതിനുമാണ് സന്ദർശനം. ദീപോത്സവത്തിന്റെ പത്താം വാർഷികമായ ഇത്തവണ അയോധ്യയിലെ 56 ഘട്ടങ്ങളിലായി 30 മുതൽ 33 ലക്ഷം വരെ മൺവിളക്കുകൾ തെളിയിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക