അസംസ്കൃത എണ്ണ ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ആഗോള ശക്തിയായി വളരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എണ്ണ ശുദ്ധീകരണ ശേഷി കുറയ്ക്കുമ്പോൾ ഇന്ത്യ അത് വികസിപ്പിക്കുകയാണ്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇത് രാജ്യത്തിന് തന്ത്രപരമായ നേട്ടം നൽകുന്നതായി ‘ഇന്ത്യ നറേറ്റീവ്’ വിശകലനം ചൂണ്ടിക്കാട്ടുന്നു.
2026 ഏപ്രിലിലെ കണക്കനുസരിച്ച് ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 267.1 ദശലക്ഷം ടണ്ണാണ്. ഈ ശേഷിയോടെ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ചൈന, റഷ്യ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 2030ഓടെ ശുദ്ധീകരണ ശേഷി 300 ദശലക്ഷം ടണ്ണായി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ദീർഘകാലാടിസ്ഥാനത്തിൽ ഇത് 400 ദശലക്ഷം ടണ്ണിലെത്തിക്കാനും പദ്ധതിയുണ്ട്.
അസംസ്കൃത എണ്ണ ആവശ്യത്തിന്റെ ഏകദേശം 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, റഷ്യയിൽനിന്ന് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നാണ് എണ്ണ വാങ്ങുന്നത്. അടുത്തിടെ മൊത്തം ഇറക്കുമതിയുടെ ഏകദേശം 35 ശതമാനം റഷ്യയിൽനിന്നായിരുന്നു. വിലയും വിപണി സാഹചര്യങ്ങളും പരിഗണിച്ചാണ് ഇന്ത്യയുടെ എണ്ണ വാങ്ങൽ തീരുമാനങ്ങളെന്നും വിശകലനം പറയുന്നു.
അതേസമയം, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യ വലിയ വരുമാനം നേടുന്നുണ്ട്. 2026 സെപ്റ്റംബറിൽ അവസാനിച്ച ആറുമാസക്കാലയളവിൽ കയറ്റുമതിയുടെ മൂല്യം 27.2 ബില്യൺ ഡോളറിലെത്തി. ഇതിൽ 12.6 ബില്യൺ ഡോളറും ഡീസൽ കയറ്റുമതിയിൽ നിന്നാണ്. സെപ്റ്റംബറിൽ മാത്രം പ്രതിദിനം ഏകദേശം 6.2 ലക്ഷം ബാരൽ ഡീസൽ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതിന്റെ പകുതിയോളം യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു.
റഷ്യൻ ഇന്ധന ഉൽപ്പന്നങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, യൂറോപ്പിലെ ശുദ്ധീകരണശാലകൾ അടച്ചുപൂട്ടിയത്, പശ്ചിമേഷ്യയിലെ അറ്റകുറ്റപ്പണികൾ എന്നിവയെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ വിതരണക്കുറവ് നികത്തുന്നതിൽ ഇന്ത്യൻ കയറ്റുമതി പ്രധാന പങ്കുവഹിക്കുന്നുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഉപരോധങ്ങളും താരിഫുകളും ഏർപ്പെടുത്തി സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇന്ത്യൻ ശുദ്ധീകരണശാലകളിൽ നിന്നുള്ള ഇന്ധനം ആഗോള വിതരണത്തിന് നിർണായകമാണെന്നാണ് വിശകലനത്തിന്റെ വിലയിരുത്തൽ. ശുദ്ധീകരണ ശേഷി ഇനിയും വർധിപ്പിക്കുന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിലെ വിതരണ സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ സ്വാധീനവും കൂടുമെന്നാണ് വിലയിരുത്തൽ.
