പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണെന്നും പരസ്യമായി വ്യക്തമാക്കാൻ പ്രധാനമന്ത്രി തന്നോട് നേർക്കുനേർ സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ബസ്തറിലെ ദീപാവലി സന്ദർശനത്തിനിടെ സിആർപിഎഫ് ജവാന്മാരെ അഭിസംബോധന ചെയ്യവെയാണ് മോദി ‘ദിമാഗി നക്സലുകൾ’ എന്ന പരാമർശം നടത്തിയത്. സായുധ നക്സലിസം അവസാനിച്ചെങ്കിലും രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറിയ ഇത്തരം ശക്തികൾ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. മുൻ സർക്കാരുകളുടെ വീഴ്ചകളാണ് രാജ്യത്ത് ഒരുകാലത്ത് നക്സലിസം വ്യാപിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൈനികരുടെ സാന്നിധ്യത്തിൽ നടത്തിയ പ്രസ്താവനയിലൂടെ പ്രതിപക്ഷത്തെയാണ് നക്സലുകളായി ചിത്രീകരിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പറഞ്ഞ നുണകൾ സൈനികർ പോലും വിശ്വസിച്ചില്ലെന്നും എക്സിലെ കുറിപ്പിൽ അദ്ദേഹം പ്രതികരിച്ചു. മോദിയെ നേരിട്ടുള്ള രാഷ്ട്രീയ സംവാദത്തിന് വീണ്ടും ക്ഷണിച്ച രാഹുൽ ഗാന്ധി, രാജ്യവിരുദ്ധരെയും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവരെയും കുറിച്ചുള്ള ആരോപണങ്ങൾ പരസ്യമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
