ഭക്ഷ്യവസ്തുക്കൾക്ക് പോഷകഗുണമനുസരിച്ച് ഗ്രേഡിങ്; പുതിയ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായിലെ കടകളിൽനിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷകഗുണം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ റേറ്റിങ് സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷകമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ‘എ’ മുതൽ ‘ഇ’ വരെ അഞ്ച് ഗ്രേഡുകളായാണ് ഉൽപന്നങ്ങളെ തരംതിരിക്കുന്നത്.

ദുബായ് സെൻട്രൽ ലബോറട്ടറിയുടെ മേൽനോട്ടത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യങ്ങൾ പരിശോധിച്ച് ഗ്രേഡുകൾ നിശ്ചയിക്കുന്നത്. ട്രാഫിക് സിഗ്നലുകളിലെ കളർ കോഡിങ് മാതൃകയിലുള്ള ഈ സംവിധാനം വഴി കൂടുതൽ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സാധിക്കും.

ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ പുതിയ സംവിധാനം ഭക്ഷ്യനിർമാതാക്കൾക്കും വിതരണക്കാർക്കും സഹായകമാകും. ലബോറട്ടറികളിൽ നടത്തുന്ന രാസ, സൂക്ഷ്മാണു പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉൽപന്നങ്ങൾക്ക് റേറ്റിങ് നൽകുന്നത്.

വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദുബായ് ഭരണകൂടം പുതിയ സംവിധാനം നടപ്പാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക