സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ കമ്പനിയുമായി വഴിവിട്ട കരാറുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നീക്കം നടന്നുവെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ്. വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളക്കളി പുറത്തുവന്നതോടെ സർക്കാർ നിലപാട് മാറ്റുകയാണെന്നും വാർത്താസമ്മേളനത്തിൽ രാജീവ് ആരോപിച്ചു.
നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്റെ ഒക്ടോബറിലെ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 270 മെഗാവാട്ട് വീതവും മാർച്ചിൽ 540 മെഗാവാട്ടും വൈദ്യുതി ലഭ്യമാകുമെന്ന കണക്കുകളും ഉത്തരവിലുണ്ട്. എന്നിട്ടും നവംബർ ഒന്നുമുതൽ പവർകട്ട് ഉണ്ടാകുമെന്ന ഭീതി സൃഷ്ടിച്ച് ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ നീക്കം നടത്തിയത് ആരുടെ നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിറ്റിന് 8.50 രൂപ നിരക്കിൽ മുഴുവൻ സമയ വൈദ്യുതി വാങ്ങി പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ വിൽക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്റെ മുന്നിലുണ്ടായിരുന്നുവെന്നും രാജീവ് ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള എനർജി എക്സ്ചേഞ്ച്, ബാങ്കിങ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചട്ടങ്ങൾ അവഗണിച്ചാണ് നീക്കങ്ങൾ നടന്നതെന്നും ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2,122 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ ഒപ്പിട്ട വിവരം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബി ചെയർമാന്റെ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ട് സംശയം സൃഷ്ടിക്കുകയാണെന്നും വൈദ്യുതി വകുപ്പിലെ സുപ്രധാന തീരുമാനങ്ങൾ മന്ത്രിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും രാജീവ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മുഴുവൻ രേഖകളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
