ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ‘രാമായണം’ ഓസ്കാർ വേദിയിലേക്ക്. 2027-ലെ 99-ാമത് അക്കാദമി പുരസ്കാരങ്ങൾക്കുള്ള പരിഗണനയ്ക്കായി ചിത്രം സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ, യാഷ്, സായ് പല്ലവി, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, ‘രാമായണം: ഭാഗം 1’ ഓസ്കാർ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മറാത്തി ചിത്രമായ ‘ഗോണ്ടൽ’ ആണ്. എന്നാൽ ഇതുകൊണ്ട് ‘രാമായണ’ത്തിന്റെ ഓസ്കാർ സാധ്യതകൾ അവസാനിക്കുന്നില്ല.
അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗം ഒഴികെയുള്ള മറ്റ് വിഭാഗങ്ങളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകാതെ തന്നെ ചിത്രങ്ങൾക്ക് മത്സരിക്കാം. ഇതിനായി അമേരിക്കയിലെ യോഗ്യതയുള്ള നഗരത്തിൽ തുടർച്ചയായി ഏഴ് ദിവസമെങ്കിലും ചിത്രം പ്രദർശിപ്പിക്കണമെന്നതുൾപ്പെടെ അക്കാദമി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം. നിബന്ധനകൾ പൂർത്തിയാക്കിയാൽ നിർമാതാക്കൾക്കോ വിതരണക്കാർക്കോ ചിത്രത്തെ പരിഗണനയ്ക്കായി സമർപ്പിക്കാം.
അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലും അക്കാദമി അടുത്തിടെ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അംഗീകൃത അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരം നേടുന്ന ചിത്രങ്ങൾക്ക് രാജ്യത്തിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പില്ലാതെയും ഈ വിഭാഗത്തിൽ യോഗ്യത നേടാൻ പുതിയ ചട്ടങ്ങൾ അവസരം നൽകുന്നു. 2026-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്ലാറ്റ്ഫോം പുരസ്കാരം നേടിയ നാഗ ഭാഷാ ചിത്രമായ ‘ആങ്’ ഇതിന് ഉദാഹരണമാണ്.
