മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യയിൽ പ്രവേശനവിലക്ക്; വിസ റദ്ദാക്കിയെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിന് ഇന്ത്യയിൽ പ്രവേശനാനുമതി നിഷേധിച്ചതായി ആരോപണം. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസിന്റെ ‘ഭാരത് സമ്മിറ്റിൽ’ പങ്കെടുക്കാനായി യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് വിസ റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

ഓസ്ലോ ആസ്ഥാനമായുള്ള ‘ഡാഗ്സാവിസെൻ’ ദിനപത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലിങ്. ബുധനാഴ്ച വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് നോർവേയിലെ ഇന്ത്യൻ എംബസിയിൽനിന്ന് ഫോൺ ലഭിച്ചതെന്ന് അവർ എക്സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. വിസ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നാണ് അറിയിച്ചതെന്നും അവർ പറഞ്ഞു.

എംബസി ഉദ്യോഗസ്ഥർ സഹകരിച്ചിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ഉന്നതതല നിർദേശപ്രകാരമാണ് യാത്ര തടഞ്ഞതെന്നാണ് ഹെല്ലെ ലിങ്ങിന്റെ ആരോപണം. നടപടി രാഷ്ട്രീയപ്രേരിതമാണെന്നും നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.

കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് സമ്മിറ്റിന്റെ രണ്ടാം ദിവസമായ നവംബർ 14ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനായിരുന്നു ഹെല്ലെ ലിങ്ങിന്റെ പദ്ധതി. കോൺഗ്രസ് നേതാവ് പവൻ ഖേര നയിക്കുന്ന സെഷനിൽ മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ചർച്ചാവിഷയങ്ങൾ.

കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ സന്ദർശിച്ചപ്പോഴുണ്ടായ സംഭവങ്ങളാണ് വിലക്കിന് പിന്നിലെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അവർ മോദിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിങ്ങിലും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ മോദി മറുപടി നൽകാതെ മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഹെല്ലെ ലിങ്ങിന്റെ ആരോപണങ്ങളോട് ഇന്ത്യൻ എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക