ബാറുകളിൽ അല്ല, കൊച്ചിയിലെ ലഹരി ഇടപാട് ചില ചായക്കടകളിൽ: ഹൈക്കോടതി

കൊച്ചിയിലെ രാത്രികാല മയക്കുമരുന്ന് ഇടപാടുകൾ ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാൽ ഇത്തരം കാഴ്ചകൾ കാണാനാകുമെന്നും എന്നാൽ എല്ലാ ചായക്കടകളിലും ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ആദ്യം ചായക്കടകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയണമെന്നും അതിനുശേഷം ബാറുകളിലെ വിഷയത്തിലേക്ക് കടക്കാമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ എത്ര ചായക്കടകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. അർധരാത്രിക്ക് ശേഷമല്ല, അതിനു മുമ്പും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

ഡി.ജെ പാർട്ടികൾക്ക് അനുമതി നൽകാനാവില്ലെന്ന് പോലീസിന് ഏകപക്ഷീയമായി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബാറുകൾ പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുമ്പോൾ ലഹരി ഉപയോഗിക്കുന്നവർ അവിടെയെത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഡി.ജെ എന്നത് സംഗീതം നിയന്ത്രിക്കുന്നയാൾ മാത്രമാണെന്നും അതിനപ്പുറം മറ്റൊരു അർഥമില്ലെന്നും കോടതി പറഞ്ഞു. ഡി.ജെ ഇല്ലാത്ത ബാറുകളിലും ഉച്ചത്തിലുള്ള പൈപ്പ്ഡ് മ്യൂസിക് ഉണ്ടെന്നും നിരീക്ഷിച്ചു.

റാഡിസൺ ബ്ലൂ കേസുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ.

മറുപടി രേഖപ്പെടുത്തുക