കോഴഞ്ചേരി പാലം: വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി; ഉത്തരവ് പുറത്തുവിട്ട് വിമർശനം

കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും രാഷ്ട്രീയ തർക്കങ്ങളും വീണ്ടും ചർച്ചയാകുന്നു. പാലത്തിന്റെ നിർമാണത്തിന് തീരുമാനമെടുത്ത് ആദ്യമായി ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന ഉത്തരവ് പുറത്തുവിട്ടാണ് മുൻ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ രംഗത്തെത്തിയത്.

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും എന്ന തലക്കെട്ടോടെയാണ് അബിൻ വർക്കി ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും പോസ്റ്റിനൊപ്പം ചേർത്തിരുന്നു. ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് വീണാ ജോർജിനോട് അഭ്യർഥിക്കുന്നതായും അബിൻ വർക്കി കുറിച്ചു.

അതേസമയം, പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി വീണാ ജോർജും നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അവർ വിശദീകരണം നൽകിയത്.

2016-ൽ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം തന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പുതിയ കോഴഞ്ചേരി പാലം ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി. അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും കിഫ്ബി വഴിയാണ് നിർമാണത്തിനായി തുക അനുവദിച്ചതെന്നും അവർ വിശദീകരിച്ചു.

കിഫ്ബിയിലൂടെ പണം അനുവദിച്ച പദ്ധതിക്ക് അതിന് മുമ്പുതന്നെ ഫണ്ട് അനുവദിച്ചിരുന്നുവെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണെന്നും വീണാ ജോർജ് തന്റെ കുറിപ്പിൽ വിമർശിച്ചിരുന്നു.

പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ഉന്നയിക്കുന്ന അവകാശവാദങ്ങൾക്കിടയിൽ പുറത്തുവന്ന സർക്കാർ ഉത്തരവും ഫണ്ട് അനുവദിച്ച കാലയളവും രാഷ്ട്രീയ വിവാദത്തിന് കൂടുതൽ ചൂടുപകരുകയാണ്.

മറുപടി രേഖപ്പെടുത്തുക