മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; വിദ്യാഭ്യാസ മന്ത്രി കേരളത്തോട് മാപ്പുപറയണമെന്ന് പിണറായി വിജയൻ

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ ‘യങ് സ്കോളർ’ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുട്ടികളുടെ മനസ്സിൽ വർഗീയത വളർത്താനുള്ള ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലെ ആർഎസ്എസ് പ്രതിനിധിയുടെ നാമനിർദേശം ഉടൻ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാനുള്ള യുഡിഎഫ് സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നീക്കം അത്യന്തം അപകടകരമാണെന്ന് പിണറായി പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയത്. ഇതേ വ്യക്തിയെ സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് സർക്കാർ നാമനിർദേശം ചെയ്തതും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണ് സംഘപരിവാർ പ്രീണന നടപടികൾ നടക്കുന്നതെന്നും പിണറായി ആരോപിച്ചു. 2017ൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ പത്തുവർഷമായി ഇത്തരം വർഗീയ അജണ്ടകൾക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇടം നൽകിയിരുന്നില്ല. കുട്ടികളെ വർഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാൻ അനുവദിക്കാത്ത നിലപാടാണ് യുഡിഎഫ് സർക്കാർ തിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉത്തരവ് പിൻവലിച്ചതുകൊണ്ട് സർക്കാർ ചെയ്ത തെറ്റ് ഇല്ലാതാകില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ മുട്ടിലിഴയുന്ന സർക്കാരിന്റെ നടപടികൾ കേരളത്തിന്റെ മതനിരപേക്ഷ സമൂഹം അംഗീകരിക്കില്ല. കുട്ടികളുടെ മനസ്സിൽ വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പരിപാടികൾക്ക് പൊതുവിദ്യാലയങ്ങൾ വിട്ടുനൽകാൻ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പുപറയണം. കരിക്കുലം കമ്മിറ്റിയിലെ ആർഎസ്എസ് പ്രതിനിധിയുടെ നാമനിർദേശം ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ അഭിമാനമായ മതനിരപേക്ഷ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക