ഇന്ത്യൻ റെയിൽവേയിൽ ഗുരുതര സുരക്ഷാവീഴ്ച പുറത്തുവന്നതായി റിപ്പോർട്ട്. വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചുകളിലെ ബ്രേക്കുകൾ പ്രവർത്തനരഹിതമായിരിക്കെ ട്രെയിൻ 463 കിലോമീറ്റർ സഞ്ചരിച്ചതായാണ് കണ്ടെത്തൽ. ലോക്കോ പൈലറ്റുമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അത് അവഗണിച്ച് യാത്ര തുടരാൻ അനുവദിച്ചതും വിവാദമായിട്ടുണ്ട്. സംഭവത്തിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഒക്ടോബർ 24നാണ് ജാർഖണ്ഡിലെ ഹാതിയയിൽനിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് ഒഴിഞ്ഞ വന്ദേ ഭാരത് ചെയർ കാർ റേക്ക് ഗുഡ്സ് എഞ്ചിന്റെ സഹായത്തോടെ കൊണ്ടുപോകാൻ ആരംഭിച്ചത്. നിയമപ്രകാരം കോച്ചുകളിലെ ബ്രേക്കിങ് സംവിധാനം എഞ്ചിനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതായിരുന്നു. എന്നാൽ ഈ നടപടിയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്.
ഹാതിയയിൽനിന്ന് പുറപ്പെട്ടതിന് പിന്നാലെ പതിവ് പരിശോധനയുടെ ഭാഗമായി ലോക്കോ പൈലറ്റ് ബ്രേക്ക് ടെസ്റ്റ് നടത്തി. കോച്ചുകളുടെ ബ്രേക്കിങ് ശേഷി വളരെ കുറവാണെന്നും ബ്രേക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. റാഞ്ചി സ്റ്റേഷനിലെത്തിയ ഉടൻ സെക്ഷൻ കൺട്രോളർക്കും ട്രാക്ഷൻ ലോക്കോ കൺട്രോളർക്കും രേഖാമൂലം പരാതി നൽകിയെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടരാൻ അനുമതി നൽകി.
മുരി സ്റ്റേഷനിൽ ചുമതലയേറ്റ രണ്ടാമത്തെ ലോക്കോ പൈലറ്റും സമാനമായ പ്രശ്നം കണ്ടെത്തി. ബ്രേക്ക് പൈപ്പിലെ മർദ്ദം കുറച്ചിട്ടും കോച്ചുകളുടെ ബ്രേക്കുകൾ പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചു. എന്നാൽ ഈ മുന്നറിയിപ്പും പരിഗണിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) സ്റ്റേഷനിലെത്തിയപ്പോഴാണ് സാങ്കേതിക ജീവനക്കാർ പ്രശ്നം തിരിച്ചറിഞ്ഞത്. പരിശോധനയിൽ എല്ലാ കോച്ചുകളുടെയും ബ്രേക്കിങ് സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി. എഞ്ചിൻ ബ്രേക്കുകളും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും മാത്രം ഉപയോഗിച്ചാണ് ട്രെയിൻ ഹാതിയയിൽനിന്ന് ഡിഡിയു വരെ ഏകദേശം 463 കിലോമീറ്റർ സഞ്ചരിച്ചതെന്നാണ് വിവരം.
മതിയായ ബ്രേക്കിങ് ശേഷിയില്ലാതെ ഇത്രയും ദൂരം ട്രെയിൻ ഓടിയത് ഗുരുതര സുരക്ഷാ ഭീഷണിയാണെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ വിലയിരുത്തി. ഇത് മറ്റ് ട്രെയിനുകളുടെ സുരക്ഷയ്ക്കും വലിയ അപകടസാധ്യത സൃഷ്ടിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നവംബർ ഏഴിന് റാഞ്ചി ഡിവിഷണൽ റെയിൽവേ മാനേജർക്ക് (ഡിആർഎം) സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകി. കോച്ച് അറ്റകുറ്റപ്പണി ജീവനക്കാർ, സെക്ഷൻ കൺട്രോളർമാർ, ട്രാക്ഷൻ കൺട്രോളർമാർ, മറ്റ് ബന്ധപ്പെട്ട ജീവനക്കാർ എന്നിവരുടെ ഉത്തരവാദിത്തം കണ്ടെത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
