തിരുവനന്തപുരം നഗരസഭയുടെ ഭരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും അഹമ്മദാബാദ് നഗര മാതൃക നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. അഹമ്മദാബാദ് മാതൃകയിലുള്ള വികസന പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വികസന-സാംസ്കാരിക സൂചികകളിൽ ഗുജറാത്തിനേക്കാൾ ഏറെ മുന്നിലാണ് കേരളവും തിരുവനന്തപുരവുമെന്നും വികസനത്തിനായി അഹമ്മദാബാദ് നഗരത്തെ മാതൃകയാക്കേണ്ട സാഹചര്യം നഗരസഭയ്ക്കില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജനസംഖ്യ, സംസ്കാരം, ഭക്ഷണരീതി, ജീവിതശൈലി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയിൽ ഇരു നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ഇടത്തരക്കാരും സർക്കാർ ജീവനക്കാരുമാണ് വലിയൊരു വിഭാഗം താമസിക്കുന്നത്. വിദേശ പ്രതിനിധികൾ സന്ദർശിക്കുമ്പോൾ അഹമ്മദാബാദിലെ അവികസിത ചേരികൾ തുണികൾ ഉപയോഗിച്ച് മറയ്ക്കുന്ന കാഴ്ചകൾ കണ്ടിട്ടുണ്ടെന്നും ശിവൻകുട്ടി വിമർശിച്ചു. ജനങ്ങളെ വിവിധ തട്ടുകളായി വിഭജിക്കുന്ന വികസനമാതൃകയല്ല തിരുവനന്തപുരത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിൽ പ്രായോഗികമല്ലാത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ട് വികസനത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ സാങ്കേതികവിദ്യയ്ക്കോ നേട്ടമുണ്ടാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. അഹമ്മദാബാദ് മാതൃകയെക്കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരത്തിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
