മലയാള സിനിമയിൽ ഒരുകാലത്ത് നിരവധി ചിത്രങ്ങളിൽ സജീവമായി അഭിനയിച്ചിരുന്ന നടി അനുശ്രീക്ക് ഇപ്പോൾ സിനിമകൾ കുറവാണെന്ന് തുറന്നുപറച്ചിൽ. സിനിമകൾ കുറഞ്ഞത് താൻ കൂടുതൽ ചൂസി ആയതുകൊണ്ടല്ലെന്നും മുമ്പത്തെപ്പോലെ അവസരങ്ങൾ ലഭിക്കുന്നില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. പുതിയ ചിത്രമായ ‘പ്രേംപാറ്റ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അനുശ്രീ.
മുമ്പ് ചെയ്തിരുന്ന സിനിമകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ വളരെ കുറവാണെന്ന് അനുശ്രീ പറഞ്ഞു. ലഭിക്കുന്ന ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കേണ്ട സാഹചര്യമാണുള്ളത്. തനിക്ക് അഭിനയിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ, കഥാപാത്രത്തിന് എത്രത്തോളം പ്രകടനമികവ് പുറത്തെടുക്കാൻ അവസരമുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതെന്നും താരം വ്യക്തമാക്കി.
‘പ്രേംപാറ്റ’യിൽ നന്ദിനി ടീച്ചർ എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. കുട്ടികളുടെയും നാട്ടുകാരുടെയും ഇടയിൽ സജീവ സാന്നിധ്യമുള്ള കഥാപാത്രമാണിത്. വലിയ അഭിനയസാധ്യതകളുള്ള വേഷമാണെന്ന് അവകാശപ്പെടാനില്ലെങ്കിലും സിനിമയുടെ കഥയാണ് തന്നെ ആകർഷിച്ചതെന്ന് അനുശ്രീ പറഞ്ഞു.
ഒരു കോളേജിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന എൻ.എസ്.എസ് ക്യാമ്പിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ചിരിയും സങ്കടവും ഉൾപ്പെടെ വിവിധ വികാരങ്ങളിലൂടെയുള്ള യാത്രയാണ് സിനിമയെന്നും താരം കൂട്ടിച്ചേർത്തു.
പുതിയ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. കണ്ടന്റ് ക്രിയേറ്റർമാർക്കൊപ്പമുള്ള അഭിനയം തനിക്കും പുതിയ അനുഭവമായിരിക്കുമെന്നും അനുശ്രീ പറഞ്ഞു.
