ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനുമായ മഹേല ജയവർധനെ ഇനി ഡൽഹി ക്യാപിറ്റൽസിനൊപ്പം. വനിതാ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് ജയവർധനെയെ നിയമിച്ചിരിക്കുന്നത്. 2027ലെ വനിതാ പ്രീമിയർ ലീഗ് (WPL) സീസണിന് മുന്നോടിയായാണ് പുതിയ നിയമനം.
വനിതാ ടീമിന്റെ സമഗ്ര വികസനം, പ്രതിഭാധനരായ പുതിയ താരങ്ങളെ കണ്ടെത്തൽ, കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും പ്രകടനം മെച്ചപ്പെടുത്തൽ, ടീമിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കൽ തുടങ്ങിയ ചുമതലകൾ ജയവർധനെയ്ക്കായിരിക്കും. മുഖ്യ പരിശീലകൻ ജൊനാഥൻ ബാറ്റി, ക്യാപ്റ്റൻ ജെമിമ റോഡ്രിഗ്സ് എന്നിവരുമായി ചേർന്നായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.
മുംബൈ ഇന്ത്യൻസിന്റെ പരിശീലകനെന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ജയവർധനെ. അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയിരുന്നു. 2022 മുതൽ ടീമിന്റെ ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ വനിതാ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് പുതിയ ചുമതലയിലൂടെ ജയവർധനെയുടെ ലക്ഷ്യം.
