“ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, മറിച്ച് നിങ്ങളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം” എന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകളെ ഓർമിപ്പിക്കുന്ന പ്രമേയവുമായി ദുൽഖർ സൽമാൻ നായകനായെത്തിയ ‘ആകാശം ലോ ഓക താര’ തിയറ്ററുകളിലെത്തി. ബഹിരാകാശ സഞ്ചാരിയാകണമെന്ന കല്പന എന്ന പെൺകുട്ടിയുടെ സ്വപ്നവും അത് യാഥാർഥ്യമാക്കാൻ അവൾക്കൊപ്പം ഉറച്ചുനിൽക്കുന്ന ഭർത്താവ് കൃഷ്ണയുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വികസനത്തിന്റെ വെളിച്ചമെത്താത്ത, അധികാരികളുടെ അവഗണന നേരിടുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. എന്തിനും ഏതിനും ചോദ്യങ്ങൾ ചോദിക്കുന്ന കല്പന എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ബഹിരാകാശ സഞ്ചാരിയാകണമെന്ന വലിയ ആഗ്രഹം അവളുടെ മനസിൽ വളരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷ പൂർത്തിയായതോടെ അവൾക്ക് വിവാഹജീവിതത്തിലേക്ക് കടക്കേണ്ടിവരുന്നു.
നക്ഷത്രങ്ങളെയും ചന്ദ്രനെയും അടുത്തറിയണമെന്ന ആഗ്രഹം വിവാഹത്തോടെ അവസാനിച്ചെന്ന് കരുതുന്ന ഘട്ടത്തിലാണ് ഭർത്താവ് കൃഷ്ണ അവൾക്ക് പിന്തുണയുമായി എത്തുന്നത്. കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച് കൃഷ്ണ നടത്തുന്ന പോരാട്ടമാണ് പിന്നീട് സിനിമയുടെ പ്രധാന ആകർഷണം. കല്പനയ്ക്ക് തന്റെ ലക്ഷ്യത്തിലെത്താനാകുമോ എന്ന ആകാംക്ഷയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന കരുത്ത്. വൈകാരിക മുഹൂർത്തങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളും കൃത്യമായി കോർത്തിണക്കി തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് അവതരണം. തിരക്കഥാകൃത്തുക്കളായ ഗുന്നം ഗംഗരാജുവും വസന്ത് ജുറുവും മികച്ച രചനയാണ് ഒരുക്കിയിരിക്കുന്നത്.
കൃഷ്ണ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ വീണ്ടും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സഹോദരിയുടെ തണലിൽ വളർന്ന അനുജനായും പിന്നീട് ഭാര്യയുടെ സ്വപ്നങ്ങൾക്കായി സ്വന്തം സന്തോഷങ്ങൾ പോലും മാറ്റിവെച്ച് പോരാടുന്ന സാധാരണക്കാരനായും ദുൽഖർ കഥാപാത്രത്തെ മനോഹരമാക്കുന്നു. വൈകാരിക രംഗങ്ങളിലെ അഭിനയവും കഥാപാത്രത്തിന്റെ സ്വാഭാവികതയും എടുത്തുപറയേണ്ടതാണ്. ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി കൃഷ്ണയെ വിലയിരുത്താം. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന നിരവധി വൈകാരിക നിമിഷങ്ങളും ചിത്രത്തിലുണ്ട്.
