ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; മുന്നറിയിപ്പുമായി പിണറായി വിജയൻ

കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണിതെന്നും പിണറായി ആരോപിച്ചു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി രാഗദ്വേഷങ്ങളില്ലാതെ പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പ്രയോഗങ്ങൾ ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന് പിണറായി പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം പ്രസ്താവനകൾ അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നതും പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദവുമാണെന്ന് പിണറായി ആരോപിച്ചു.

സംസ്ഥാനത്തിന്റെ മുഴുവൻ ഭരണാധികാരിയെന്ന നിലയിലുള്ള പക്വതയ്ക്ക് പകരം അണികളെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ ഇടയാക്കും. ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി തന്നെ ആവശ്യമായ മര്യാദയും സംയമനവും കൈവിട്ടാൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അതേ വഴിയിലൂടെ സഞ്ചരിക്കുമെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന് സാക്ഷികളായി രണ്ട് മന്ത്രിമാർ കൂടി ഉണ്ടായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക