സഭ ആവശ്യപ്പെട്ടയാളെ സ്റ്റാഫ് സെക്രട്ടറിയാക്കി; റവന്യൂ മന്ത്രി വാക്കുപാലിച്ചെന്ന് ബിഷപ്പ് പാംപ്ലാനി

റവന്യൂ മന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ നിർദേശിച്ച വ്യക്തിയെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും ഇതിലൂടെ സഭയുടെ ആവശ്യം അംഗീകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തൽ.

മലയോര ജനതയുടെ പ്രശ്നങ്ങളും പ്രതിസന്ധികളും കൃത്യമായി മനസ്സിലാക്കുന്ന ഒരാൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്നായിരുന്നു സഭയുടെ ആവശ്യം. സഭയ്ക്ക് സ്വീകാര്യനായ ആരെയും നിർദേശിക്കാമെന്നും അവരെ നിയമിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതനുസരിച്ച് സഭ നിർദേശിച്ച വ്യക്തിയെ തന്നെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും പാംപ്ലാനി വ്യക്തമാക്കി.

സഭയുടെ നിർദേശം അംഗീകരിച്ച് നിയമനം നടത്തിയ റവന്യൂ മന്ത്രിക്ക് വേദിയിൽവെച്ച് ബിഷപ്പ് പരസ്യമായി നന്ദിയും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക