ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് വീണ്ടും കാർ സമ്മാനം; വൈഭവ് സൂര്യവംശിക്ക് ടാറ്റ സിയറ

പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ബിഹാർ താരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഡംബര കാർ സമ്മാനം. ഐപിഎൽ 2026ലെ മികച്ച പ്രകടനത്തിന് ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ’ പുരസ്കാരം നേടിയതിന് പിന്നാലെ പ്രഖ്യാപിച്ച ടാറ്റ സിയറ എസ്‌യുവിയാണ് താരത്തിന് ലഭിച്ചത്. പുതിയ കാറിനൊപ്പം കുടുംബാംഗങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മാതാപിതാക്കൾക്കും സഹോദരന്മാർക്കുമൊപ്പം ടാറ്റ ഷോറൂമിലെത്തിയാണ് വൈഭവ് പുതിയ കാർ ഏറ്റുവാങ്ങിയത്. മഞ്ഞ നിറത്തിലുള്ള സിയറ എസ്‌യുവിക്കു മുന്നിൽ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ഐപിഎൽ 2026ൽ തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 16 മത്സരങ്ങളിൽനിന്ന് അഞ്ച് അർധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 776 റൺസാണ് താരം നേടിയത്. 63 ഫോറുകളും 72 സിക്സറുകളും അടിച്ചുകൂട്ടിയ വൈഭവ് ടൂർണമെന്റിലെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. മികച്ച സ്ട്രൈക്ക് റേറ്റിനുള്ള ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ’ പുരസ്കാരവും താരത്തെ തേടിയെത്തി.

വൈഭവിന് കാർ സമ്മാനം ലഭിക്കുന്നത് ഇതാദ്യമല്ല. 2025ലെ ഐപിഎല്ലിൽ സൂപ്പർ സ്ട്രൈക്കർ പുരസ്കാരം നേടിയതിന് പിന്നാലെ ടാറ്റ കർവ് ഇവിയും സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടാറ്റ സിയറ കൂടി താരത്തിന്റെ ഗാരേജിലെത്തുന്നത്.

2025ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച വൈഭവ് തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇന്ത്യൻ ടീമിലേക്കും ഇടം നേടിയത്. ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഇതുവരെ 10 ടി20 മത്സരങ്ങളിൽനിന്ന് 295 റൺസ് നേടിയിട്ടുണ്ട്. ഇതിനിടെ ബിഹാർ സീനിയർ ടീമിന്റെ ക്യാപ്റ്റനായും വൈഭവിനെ തിരഞ്ഞെടുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരം ടീമിനെ നയിക്കും.

മറുപടി രേഖപ്പെടുത്തുക