മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മല്ല; ആരോപണം തള്ളി ബി. ഗോപാലകൃഷ്ണൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സിപിഐഎമ്മിന്റെ പേരിൽ പ്രവർത്തിക്കുന്ന ചിലരായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും പാർട്ടിയുടെ നേതാക്കൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകളുടെ വിവാഹത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിണറായി വിജയൻ വിവാഹത്തിനെത്തിയതുകൊണ്ട് അദ്ദേഹം മാർക്സിസ്റ്റ് പാർട്ടി വിടാൻ പോവുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇതെല്ലാം വ്യക്തിബന്ധങ്ങളുടെ ഭാഗമാണെന്നും രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ് താനെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളവർമ കോളേജിൽ എസ്എഫ്ഐയുടെ വോട്ടുകൾ നേടിയാണ് താൻ വിജയിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മമ്മൂട്ടിയുമായി മാത്രമല്ല, എല്ലാവരുമായും നല്ല വ്യക്തിബന്ധമാണുള്ളത്. തന്റെ മകളുടെ വിവാഹത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാനെതിരെ ഇഡി കേസെടുത്തതുകൊണ്ടാണ് മമ്മൂട്ടി ബിജെപി നേതാവുമായി അടുപ്പം പുലർത്തുന്നതെന്ന ആരോപണവും ഗോപാലകൃഷ്ണൻ തള്ളി. ഇത്തരം പരാമർശങ്ങൾ മമ്മൂട്ടിയുടെ മഹാമനസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ ആശംസകൾ അറിയിക്കാനാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയത്.

മറുപടി രേഖപ്പെടുത്തുക