വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി. ഇൻഫ്ലുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം കണ്ടെത്തിയെന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ.
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിപണനം തടയാൻ ആരോഗ്യവകുപ്പ് നേരത്തെ നടപടികൾ ശക്തമാക്കിയിരുന്നു. ഇതോടെ ഇത്തരം ഉൽപ്പന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചില ഇൻഫ്ലുവൻസർമാർ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്.
കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ സന്ദർശിച്ച് പെൺകുട്ടി ഉപയോഗിച്ച ഫേസ് ക്രീമിന്റെ സാമ്പിളുകൾ ശേഖരിക്കും. ആശുപത്രിയിൽനിന്ന് ആവശ്യമായ വിവരങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും.
എഫ് ട്യൂൺ ഉൾപ്പെടെയുള്ള വ്യാജ ക്രീമുകൾ വിപണനം ചെയ്യുന്നവർക്കും അവ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 18കാരിയുടെ പരാതിയിൽ എഫ് ട്യൂൺ നിർമാതാക്കൾക്കെതിരായ അന്വേഷണം തുടരുകയാണ്. കമ്പനിയുടെ പേര് വെളിപ്പെടുത്താതെയാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
