ജി.എൻ.എ (GNA) വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരൂഹമായ വൈദ്യുതി ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങൾ പൊളിഞ്ഞുവെന്നും സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നെന്നും പിണറായി ആരോപിച്ചു. വിവരക്കേടുകൾ വീരവാദങ്ങളാക്കി ജനങ്ങളെ പരിഹസിക്കുന്ന ശൈലി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ എവിടെയെങ്കിലും ആവശ്യപ്പെട്ടതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ പിണറായി വെല്ലുവിളിച്ചു. ജി.എൻ.എ കരാർ വഴി നടത്താൻ ശ്രമിച്ച ഉയർന്ന നിരക്കിലുള്ള വൈദ്യുതി ഇടപാടിനെ വിമർശിക്കുന്നതിനിടെ, അതിനേക്കാൾ ഭേദമാണ് ഹിമാചലിൽ നിന്നുള്ള വൈദ്യുതി നിരക്കെന്ന താരതമ്യ പരാമർശം മാത്രമാണ് നടത്തിയതെന്നും അത് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ഫയലുകളെ ടിഷ്യൂ പേപ്പറെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും പിണറായി വിമർശിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ക്യാമറകൾക്ക് മുന്നിൽ പ്രസ്താവനകൾ നടത്തിയതുകൊണ്ട് മറുപടിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ അഴിമതിക്ക് സാഹചര്യമൊരുക്കാനായിരുന്നു നീക്കമെന്നും പിണറായി ആരോപിച്ചു. ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് ഉൾപ്പെടെയുള്ള വസ്തുതകൾ പരിശോധിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ വകുപ്പ് മന്ത്രിയെ അറിയിക്കാതെയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പിണറായി ആരോപിച്ചു. മുൻ കെ.എസ്.ഇ.ബി ചെയർമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഹിമാചലിൽ നിന്ന് ദീർഘകാല കരാറിലൂടെ വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന നിലപാട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്നെ മാതൃഭൂമി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ റദ്ദാക്കിയതും മുൻ ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും മന്ത്രി അറിഞ്ഞത് മാധ്യമവാർത്തകളിലൂടെയാണെന്നത് രാഷ്ട്രീയ നാണക്കേടാണെന്നും പിണറായി പറഞ്ഞു.
എൻ.ടി.പി.സിയിൽ നിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്ന വാദം ഉയർത്തി ജി.എൻ.എ ഇടപാടിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ടി.പി.സിയിൽ നിന്നുള്ള കേന്ദ്രവിഹിതവും വൈദ്യുതി ലഭ്യതയും വർഷങ്ങളായി സർക്കാരിന് അറിയാവുന്ന കാര്യങ്ങളാണ്. എന്നിട്ടും ഉയർന്ന നിരക്കിലുള്ള ഇടപാടിന് ശ്രമിച്ചതിന്റെ പിന്നിലെ താൽപര്യം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ഫയലിൽ തീരുമാനമെടുക്കുന്നതിന് പുറത്തുള്ള ചിലരുമായി ചർച്ച നടത്തിയെന്ന പരാമർശവും അദ്ദേഹം ചോദ്യം ചെയ്തു. വകുപ്പ് മന്ത്രിയെയോ ചീഫ് സെക്രട്ടറിയെയോ പവർ സെക്രട്ടറിയെയോ മറികടന്ന് സെക്രട്ടേറിയറ്റിന് പുറത്തുള്ള അദൃശ്യസംഘം ഫയലുകൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചുള്ള ഇത്തരം നീക്കങ്ങൾ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെയും നിയമപരമായ ടെൻഡർ നടപടികളില്ലാതെയും എൽ.ഡി.എഫ് സർക്കാർ വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്നും പിണറായി അവകാശപ്പെട്ടു. 2011–2016 കാലയളവിലെ യു.ഡി.എഫ് സർക്കാരിന്റെ 865 മെഗാവാട്ടിന്റെ താപവൈദ്യുതി കരാറുകൾ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ചപ്പോൾ, എൽ.ഡി.എഫ് സർക്കാരുകൾ 2,122 മെഗാവാട്ടിന്റെ 12 ദീർഘകാല വൈദ്യുതി കരാറുകൾ സുതാര്യമായി ഉറപ്പാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലെയും യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും വിഷയത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
