കെപിസിസി അധ്യക്ഷപദവിയിലേക്ക് ഷാഫി പറമ്പിലിന്റെ നീക്കം പാളി; തടഞ്ഞത് കെ.സി. വിരുദ്ധരും സതീശൻ അനുകൂലികളും

എ ഗ്രൂപ്പിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷപദവിയിലെത്താനുള്ള ഷാഫി പറമ്പിലിന്റെ നീക്കത്തിന് തിരിച്ചടി. കെ.സി. വേണുഗോപാൽ വിരുദ്ധരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിക്കുന്നവരും ഒരുമിച്ച് നീക്കത്തെ പ്രതിരോധിച്ചതോടെയാണ് ഷാഫിയുടെ നീക്കം പൊളിഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനവും ഇതിന് വഴിയൊരുക്കി.

ബെന്നി ബെഹ്നാനെ കെപിസിസി പ്രസിഡന്റാക്കണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആദ്യ ആവശ്യം. എന്നാൽ, ഗ്രൂപ്പുകൾക്കിടയിൽ തർക്കം ഉടലെടുത്താൽ കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ പിന്തുണയോടെ അധ്യക്ഷപദവിയിലെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഷാഫി അനുകൂലികൾ. ഈ നീക്കം വ്യക്തമായതോടെയാണ് ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമായത്.

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആദ്യം താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് കൊടിക്കുന്നിൽ സുരേഷായിരുന്നു. പിന്നാലെ എ.പി. അനിൽകുമാറിന്റെ പേരും ഉയർന്നുവന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കാനുള്ള കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം സജീവമായത്. എന്നാൽ, പുതിയ രാഷ്ട്രീയ നീക്കങ്ങളും വിമർശനങ്ങളും ഇതിന് തിരിച്ചടിയായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക