മൊബൈൽ ഫോൺ പാസ്‌വേഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്‌വേഡ് ആവശ്യപ്പെട്ട പൊലീസ് നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോണിന്റെ പാസ്‌വേഡ് നൽകാൻ പ്രതി ബാധ്യസ്ഥനാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

പാസ്‌വേഡ് കൈമാറുന്നത് പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം നൽകുന്നതായി കണക്കാക്കാനാകില്ലെന്നാണ് സർക്കാരിന്റെ വാദം. പാസ്‌വേഡ് എന്നത് അന്വേഷണത്തിന് ആവശ്യമായ തെളിവുകളിലേക്ക് എത്താനുള്ള സൂചന മാത്രമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ മൊബൈൽ ഫോണിലുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് പാസ്‌വേഡ് ആവശ്യപ്പെട്ടതെന്നും സർക്കാർ വ്യക്തമാക്കി. പാസ്‌വേഡ് ലഭിക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഫോണിലെ ആവശ്യമായ വിവരങ്ങൾ പരിശോധിക്കാൻ മാത്രമാണ് സാധിക്കുകയെന്നും സർക്കാർ വാദിച്ചു.

മൊബൈൽ ഫോണിലെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായേക്കാമെന്നതിനാൽ പാസ്‌വേഡ് നൽകുന്നത് തടയണമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യം അംഗീകരിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. പാസ്‌വേഡ് നൽകാൻ തന്നെ നിർബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

മറുപടി രേഖപ്പെടുത്തുക