വി.ഡി. സതീശനെതിരായ പോസ്റ്റുകൾ കൂട്ടത്തോടെ നീക്കി; സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആരോപണം

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശന പോസ്റ്റുകൾ നീക്കം ചെയ്തു. രണ്ടാഴ്ചയ്ക്കിടെ നാൽപ്പതോളം പോസ്റ്റുകളാണ് അപ്രത്യക്ഷമായത്. സർക്കാരിന്റെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്ററുകളും റീലുകളുമാണ് നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നത്. 85,000 വരെ ഷെയറുകൾ ലഭിച്ച പോസ്റ്റുകളും ഇതിലുണ്ടായിരുന്നുവെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശം നിഷേധിക്കാൻ വി.ഡി. സതീശന് അധികാരമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. മറ്റ് നിരവധി സോഷ്യൽ മീഡിയ പേജുകളിൽ നിന്നും വി.ഡി. സതീശനെതിരായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക