സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. നടപടിയെടുക്കാൻ കഴിയുന്ന ശക്തമായ സർക്കാർ കേരളത്തിലുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
“ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകണം. ആണുങ്ങളുടെ ഗവൺമെന്റാണെങ്കിൽ അത് അതുപോലെ മുന്നോട്ടുപോകണം. ഇവിടെ അങ്ങനെയൊരു ഗവൺമെന്റുണ്ടോ എന്ന് എനിക്കറിയില്ല. നടപടിയുമായി മുന്നോട്ടുപോകാൻ എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് നോക്കാം,” സുധാകരൻ പറഞ്ഞു.
സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ഇക്കാര്യം നേരത്തേ മുതൽ പൊതുസമൂഹത്തോട് പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും കേരളത്തിലുണ്ടെന്നും നടപടികൾ കൂടുതൽ ശക്തമാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ നടക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുള്ള നേതാവാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ വ്യക്തമാക്കി. മാത്യു കുഴൽനാടനെ സംരക്ഷിക്കാൻ തങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
