കരിയറിലെ ഒട്ടുമിക്ക പ്രധാന കിരീടങ്ങളും മെഡലുകളും സ്വന്തമാക്കിയിട്ടും ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് ചില സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇന്ത്യയെ ഉബർ കപ്പ് വനിതാ ടീം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണത്തിലേക്ക് നയിക്കുകയെന്നതാണ് അതിലൊന്ന്. 2028ൽ ന്യൂഡൽഹിയിൽ നടക്കുന്ന തോമസ് ആൻഡ് ഉബർ കപ്പ് ഫൈനൽസിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഈ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു.
2028ലെ ബിഡബ്ല്യുഎഫ് തോമസ് ആൻഡ് ഉബർ കപ്പ് ഫൈനൽസിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചതിന് പിന്നാലെയാണ് സിന്ധു തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. 2014ൽ ന്യൂഡൽഹിയിൽ നടന്ന ഉബർ കപ്പിൽ ഇന്ത്യയുടെ ആദ്യ മെഡലായ വെങ്കലം നേടുന്നതിൽ സിന്ധു നിർണായക പങ്കുവഹിച്ചിരുന്നു.
സ്വന്തം നാട്ടിൽ വീണ്ടും ഉബർ കപ്പ് കളിക്കാൻ അവസരം ലഭിച്ചാൽ ഇത്തവണ കിരീടം തന്നെ നേടണമെന്നാണ് ആഗ്രഹമെന്ന് സിന്ധു പറഞ്ഞു. സഹതാരങ്ങൾക്കൊപ്പം മെഡൽ പോഡിയത്തിൽ നിൽക്കുന്നതിന്റെ സന്തോഷം തനിക്ക് അറിയാമെന്നും ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ഒരുമിച്ച് ട്രോഫി ഉയർത്തുന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നായിരിക്കുമെന്നും അവർ വ്യക്തമാക്കി. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് സിന്ധുവിന്റെ പ്രതികരണം.
2025ൽ ഗുവാഹത്തിയിൽ ബിഡബ്ല്യുഎഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പും 2026ൽ ന്യൂഡൽഹിയിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും വിജയകരമായി സംഘടിപ്പിച്ചതിന് പിന്നാലെയാണ് 2028ലെ ടൂർണമെന്റിന്റെ ആതിഥേയത്വവും ഇന്ത്യക്ക് ലഭിച്ചത്. ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെയും സഞ്ജയ് മിശ്രയുടെയും നേതൃത്വത്തിൽ ബിഎഐ നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ താരങ്ങൾക്കും ആരാധകർക്കും ലോകോത്തര ബാഡ്മിന്റൺ മത്സരങ്ങൾ സ്വന്തം നാട്ടിൽ ആസ്വദിക്കാനുള്ള അവസരങ്ങൾ വർധിപ്പിച്ചതായും സിന്ധു ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വിദേശ താരങ്ങൾ ഇന്ത്യൻ ആരാധകരുടെ ആവേശകരമായ പിന്തുണ ഏറെ ആസ്വദിച്ചിരുന്നുവെന്നും സ്വന്തം നാട്ടിൽ ലോക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സിന്ധു പറഞ്ഞു. 2028 ഒളിമ്പിക്സ് വർഷമായതിനാൽ യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനങ്ങൾ നേരിട്ട് കാണാനും രാജ്യത്തിനായി കളിക്കാനുള്ള പ്രചോദനം നേടാനും ടൂർണമെന്റ് സഹായിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, 2026ൽ അന്താരാഷ്ട്ര ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്. സൂപ്പർ 300 നിലവാരത്തിലോ അതിന് മുകളിലോ ഉള്ള ബിഡബ്ല്യുഎഫ് വേൾഡ് ടൂർ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഒമ്പത് കിരീടങ്ങൾ നേടി. ഈ നേട്ടങ്ങളും ന്യൂഡൽഹി ലോക ചാമ്പ്യൻഷിപ്പിൽ ലഭിച്ച ആരാധകപിന്തുണയും അടിസ്ഥാനമാക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ മുന്നേറ്റം നടത്താനാണ് ബിഎഐയുടെ ലക്ഷ്യം.
2028ൽ തോമസ് ആൻഡ് ഉബർ കപ്പ് ഫൈനൽസ് ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോൾ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം മണ്ണിൽ ലോക ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ പിന്തുണയ്ക്കാൻ ആരാധകർക്ക് അവസരം ലഭിക്കുന്നത്.
2022ൽ ബാങ്കോക്കിൽ നടന്ന ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്രത്തിലാദ്യമായി തോമസ് കപ്പ് കിരീടം സ്വന്തമാക്കിയത്. പുരുഷ ടീം നേടിയ ആ ചരിത്രനേട്ടത്തിന് പിന്നാലെ വനിതാ ടീമിനും ഉബർ കപ്പിൽ സ്വർണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ബാഡ്മിന്റൺ ലോകം.
