അമിത് ഷായെ സന്ദർശിച്ച് ‘രാമായണം’ ടീം; രൺബീർ കപൂറും സായ് പല്ലവിയും കൂടിക്കാഴ്ചയിൽ

‘രാമായണം’ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകരും താരങ്ങളും. നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, പ്രധാന താരങ്ങളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരാണ് ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്കിടെ നമിത് മൽഹോത്ര അമിത് ഷായ്ക്ക് പൂച്ചെണ്ട് കൈമാറി. സംവിധായകൻ നിതേഷ് തിവാരി ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ‘വേൾഡ് ഓഫ് രാമായണ’യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിനിടെ ആഭ്യന്തരമന്ത്രിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ അണിയറപ്രവർത്തകർ വ്യക്തമാക്കി. സിനിമയെയും അണിയറപ്രവർത്തകരെയും അമിത് ഷായും അഭിനന്ദിച്ചു.

അതേസമയം, കൂടിക്കാഴ്ചയിലെ സായ് പല്ലവിയുടെ വേഷവിധാനവും ശ്രദ്ധ നേടി. പിങ്ക് നിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളുമണിഞ്ഞാണ് താരം എത്തിയത്. നേർത്ത പച്ച ബോർഡറുള്ള ഫ്ലമിംഗോ പിങ്ക് സാരിക്കൊപ്പം സ്വർണവളകളും ടെമ്പിൾ ജ്വല്ലറി ശൈലിയിലുള്ള മാലയും കമ്മലുകളുമാണ് സായ് പല്ലവി ധരിച്ചിരുന്നത്. താരത്തിന്റെ ലുക്കിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി.

മറുപടി രേഖപ്പെടുത്തുക