ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് രൺബീർ കപൂർ നായകനായ ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’. റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 1,110.70 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ കളക്ഷനിൽ വിക്കി കൗശലിന്റെ ‘ഛാവ’യുടെ ലൈഫ് ടൈം റെക്കോർഡും ചിത്രം മറികടന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ഒൻപതാം ദിവസം ഇന്ത്യയിൽ നിന്ന് 47.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഇതോടെ ആഭ്യന്തര നെറ്റ് കളക്ഷൻ 612.45 കോടി രൂപയായി. ‘ഛാവ’യുടെ ആഭ്യന്തര ലൈഫ് ടൈം കളക്ഷനായ 601.57 കോടി രൂപയാണ് ഇതോടെ മറികടന്നത്. ഷാരൂഖ് ഖാന്റെ ‘പത്താൻ’, രൺബീർ കപൂറിന്റെ ‘അനിമൽ’ എന്നീ ചിത്രങ്ങളുടെ ആഭ്യന്തര കളക്ഷൻ റെക്കോർഡുകളും നേരത്തെ ചിത്രം മറികടന്നിരുന്നു.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഒൻപതാം ദിവസം 22,993 ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്. ഹിന്ദി പതിപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്; 36.25 കോടി രൂപ. മലയാളത്തിൽ നിന്ന് 3.25 കോടിയും കന്നഡയിൽ നിന്ന് 3 കോടിയും തമിഴിൽ നിന്ന് 2.75 കോടിയും തെലുങ്കിൽ നിന്ന് 2.60 കോടിയും നേടി. ആഭ്യന്തര ഗ്രോസ് കളക്ഷൻ 732.20 കോടി രൂപയായി.
വിദേശ വിപണിയിൽ ഒൻപതാം ദിവസം 25 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതോടെ വിദേശത്തുനിന്നുള്ള ആകെ വരുമാനം 378.50 കോടിയായി. ഇതോടെ ആഗോള ഗ്രോസ് കളക്ഷൻ 1,110.70 കോടി രൂപയിലെത്തി. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയിൽ 64.85 കോടി രൂപയുടെ നെറ്റ് കളക്ഷനോടെയാണ് ബോക്സ് ഓഫീസ് യാത്ര ആരംഭിച്ചത്.
