ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനം; ‘ഫ്‌ളക്‌സിന് ആയുസ്സ് കുറവ്, സത്യത്തിന് കാലാവധിയില്ല’; അമൽ ഉണ്ണിത്താന്റെ പോസ്റ്റ്

ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങളെ പറ്റിച്ച് ജീവിക്കാം എന്നാണോ പിആർ സിദ്ധാന്തമെന്ന് ചോദിച്ച അമൽ, ഫ്‌ളക്‌സ് ബോർഡുകൾക്ക് ആയുസ്സ് കുറവാണെന്നും സത്യത്തിന് കാലാവധിയില്ലെന്നും പരിഹസിച്ചു. ഒരു ബിഗ് ബോസ് മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പിആർ ഏജൻസിയെ തേടുന്നുവെന്ന പരിഹാസത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.

ആശാന്റെയും ശിഷ്യന്റെയും പിആർ ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നതെന്നും അമൽ കുറിച്ചു. മത്സരാർഥി തുമ്മിയാൽ വൈറലാക്കുകയും കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കുകയും ചായ കുടിച്ചാൽ ജനകീയനാക്കുകയും വേണമെന്നാണ് പരിഹാസം.

നാടുനീളെ ഫ്‌ളക്‌സുകളും ബാനറുകളും ഉയർത്തണമെന്നും പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാർ സൈബർ ടീമിനെ നിയന്ത്രിക്കണമെന്നും കുറിപ്പിൽ പറയുന്നു. അഡ്മിൻ ഫീസും പ്രത്യേകം നൽകാമെന്നും നെല്ലിക്ക പാക്കേജിന് പുറമെ ഐഫോണും മറ്റ് വിലകൂടിയ സാധനങ്ങളും ഉൾപ്പെടുത്താമെന്നും പരിഹാസരൂപേണ അമൽ പറയുന്നു. പണം പ്രശ്നമല്ലെന്നും ബജറ്റിന് പരിധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പിആർ സിദ്ധാന്തമെന്നും അമൽ ചോദിച്ചു. എത്ര വലിയ പിആർ ഏജൻസിയായാലും കുറച്ച് നിഷ്കളങ്കരായ മനുഷ്യരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും എന്നാൽ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ഫ്‌ളക്‌സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഷാഫി പറമ്പിലിന് അനുകൂലമായി വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെടുകയും കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമൽ ഉണ്ണിത്താന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്റിൽ ഷാഫി പറമ്പിലിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും വിമർശനം അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക