മണ്ഡല പുനർനിർണയം: തമിഴ്നാടിന്റെ 7.18 ശതമാനം പ്രാതിനിധ്യം കുറയരുത്; നിലപാട് കടുപ്പിച്ച് ഡിഎംകെ

മണ്ഡല പുനർനിർണയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കെ പാർലമെന്റിലെ സംസ്ഥാന പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഡിഎംകെ. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും സഭയിൽ തമിഴ്നാടിനുള്ള നിലവിലെ 7.18 ശതമാനം പ്രാതിനിധ്യം നിലനിർത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം. 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ സീറ്റ് അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി തുടരണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിലൂടെയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

ജനസംഖ്യാ നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാക്കിയ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകൾ പുനർവിതരണം ചെയ്താൽ ജനസംഖ്യാ വളർച്ച നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിലവിലെ സീറ്റ് വിഹിതം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ ബില്ലിനെ പിന്തുണയ്ക്കാമെന്നായിരുന്നു ഡിഎംകെയുടെ ആദ്യ നിലപാട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള പ്രാതിനിധ്യ അനുപാതം കൂടി സംരക്ഷിക്കണമെന്ന ആവശ്യം ഇപ്പോൾ പാർട്ടി ശക്തമായി ഉന്നയിക്കുകയാണ്. നവംബർ 30 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് സ്റ്റാലിന്റെ പ്രതികരണം.

ഡിസംബർ 31നകം പുതിയ ബിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടിയില്ലെങ്കിൽ നിലവിലുള്ള ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടക്കുമെന്നും ഇത് തമിഴ്നാടിന്റെ ലോക്സഭാ സീറ്റ് വിഹിതത്തെ ബാധിക്കുമെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വിഷയത്തിൽ പാർട്ടിയുടെ തുടർനിലപാട് തീരുമാനിക്കുന്നതിനായി നാളെ ചെന്നൈയിൽ നിർണായക യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ ദേശീയതലത്തിൽ കൂടുതൽ ശക്തമായി ഉയർത്താനാണ് ഡിഎംകെയുടെ നീക്കം.

മറുപടി രേഖപ്പെടുത്തുക