മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. നവംബർ 20ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. പി.എം. ഷമീറാണ് ഗവർണർക്ക് പരാതി നൽകിയത്.

‘നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതുപോലെയല്ല, ഒന്നും മറക്കില്ല, മറക്കാൻ കഴിയില്ല’ എന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമർശങ്ങൾ പ്രതികാര മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ പുറത്തുവരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ അനുച്ഛേദം 164(3) പ്രകാരമുള്ള സത്യപ്രതിജ്ഞയുടെ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ ഉചിതമായ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. പ്രസംഗത്തിലെ പരാമർശങ്ങളിൽ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നിയമനടപടികളും സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക