തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐക്ക് സസ്‌പെൻഷൻ

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം തിരികെ വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്എച്ച്ഒ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എസ്ഐക്കെതിരായ നടപടി വൈകുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

അതേസമയം, ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടബാധ്യതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ ബാധ്യതകൾ തീർക്കുന്നതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണോ ലഹരിവസ്തു എടുത്തതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.

അനസ് ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക