വോട്ട് മോഷണം തടയണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ വൻതോതിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ‘ചലോ ഡൽഹി രാംലീല മാർച്ച്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് അദ്ദേഹം എക്സിലൂടെ വീഡിയോ സന്ദേശം പുറത്തുവിട്ടു.
രാജ്യത്തിന്റെ ആത്മാവിനെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പ്രസ്ഥാനമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുടെ നിലപാടുകളോട് വിയോജിക്കുന്നവരും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുമായ എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
വിദ്യാർഥികളോടും രാഹുൽ ഗാന്ധി പ്രത്യേകം ആഹ്വാനം നടത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനും ചിന്തകൾക്കും ജീവിതരീതിക്കും നേരെ ആക്രമണം ഉണ്ടാകുന്നതായി തോന്നുന്നവർ രാഷ്ട്രീയ പാർട്ടി വ്യത്യാസമില്ലാതെ മാർച്ചിൽ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും ബിജെപി സർക്കാർ അടിച്ചമർത്തൽ നടപടികളിലേക്ക് കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ മാർച്ചിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിപാടി വിജയിപ്പിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
