പെട്രോളിലെ എഥനോൾ അളവ് കണ്ടെത്തൽ; എണ്ണക്കമ്പനികൾ മറുപടി നൽകിയില്ല, നിയമോപദേശം തേടാൻ കേരളം

സംസ്ഥാനത്ത് പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കേരള സർക്കാർ. 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പുതിയ നീക്കത്തിലേക്ക് കടക്കുന്നത്. കത്തിന് പുറമെ റിമൈൻഡർ നോട്ടീസ് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ല. മറുപടി ലഭിക്കാത്ത പക്ഷം നിയമോപദേശം തേടാനാണ് തീരുമാനം.

കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. നിയമോപദേശം ലഭിച്ചശേഷം ബദൽ മാർഗങ്ങളിലൂടെ പരിശോധന നടത്താനാണ് ആലോചിക്കുന്നത്. പരിശോധനാ ഫലത്തിന്റെ വിശ്വാസ്യതയും നിയമസാധുതയും പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ) തുടങ്ങിയ എണ്ണക്കമ്പനികൾ തുടക്കത്തിൽ സാമ്പിൾ നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കമ്പനികളുടെ ഈ പിന്മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമപരിശോധനയുടെ പരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.

കർണാടക സർക്കാർ നടത്തിയ പരിശോധനാ ഫലം നിയമപരമായി ചോദ്യം ചെയ്യപ്പെട്ട സാഹചര്യവും കേരളത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. പരിശോധനയുടെ നടപടിക്രമങ്ങളിലും സാമ്പിളുകളുടെ ആധികാരികതയിലും നിയമപരമായ വ്യക്തത ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

കർണാടകയിലെ പരിശോധനയിൽ 31 ശതമാനം വരെ എഥനോൾ

പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർത്തിയതായി കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന റിപ്പോർട്ട് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കർണാടകയിലെ ഏഴ് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയുടെ ഫലം ഒക്ടോബർ അവസാനമാണ് സർക്കാർ പുറത്തുവിട്ടത്.

താരതമ്യ പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട സാമ്പിൾ ലഭ്യമാക്കുന്നതിൽ കേന്ദ്രത്തിൽനിന്നും എണ്ണക്കമ്പനികളിൽനിന്നും അനുകൂല പ്രതികരണമുണ്ടായില്ല.

ഈ സാഹചര്യത്തിൽ നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് പരിശോധനയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പെട്രോളിലെ എഥനോൾ കലർപ്പിന്റെ യഥാർഥ അളവ് കണ്ടെത്തുന്നതിനൊപ്പം പരിശോധനാഫലം നിയമപരമായി നിലനിൽക്കുമെന്ന് ഉറപ്പാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക